Thursday, 16 January 2025

കണിയാപുരം ഓർമ്മ

കണിയാപുരം പള്ളിയുടെ മിനാരങ്ങളിൽ നിന്നും സുബഹിയുടെ ബാങ്കൊലി മുഴങ്ങുന്നതോടപ്പം
അന്ന് ഞങ്ങളുടെ ഗ്രാമവും സജീവമാകുമായിരുന്നു.


 ഖരീം മാമയുടെ ചായകടയിലെ മിന്നുന്ന വെളിച്ചവും മുത്തലിബ് അപ്പുപ്പായുടെ ചായകടയിൽ നിന്നും ഉയരുന്ന നാഗൂർ ഹനീഫയുടെ ബൈത്തും ഇസ്മായിൽ അപ്പുപ്പായുടെ ചായ കടയിൽ നിന്നും ഉയരുന്ന പയർ പുട്ട് പപ്പടത്തിന്റെ മണവും പ്രഭാതങ്ങളെ ധന്യമാക്കും. എന്തിനാണ് ഒരു ചെറിയ ഗ്രാമത്തിൽ ഇത്രമാത്രം ചായകടകൾ?
അന്ന് ആലോചിച്ചിരുന്നു. രാവിലെ നാലുമണിയോടെ കയർപിരിക്കാനും തൊണ്ട് തല്ലാനും ചിറയ്ക്കൽ, കൽപന, അണക്കപ്പിള്ള, ചാന്നാങ്കര, കരിച്ചാറ മേനംകുളം അടക്കം പ്രദേശങ്ങളിൽ നിന്നും വാടപ്പുറം ലക്ഷ്യമാക്കി വരുന്ന നൂറുകണകിന് കയർ തൊഴിലാളികളുടെ പ്രഭാത ഭക്ഷണ കച്ചവടത്തിന് വേണ്ടിയാണ് ചായ കടകൾ നേരത്തെ തുറന്നു വയ്ക്കുന്നത് !


അഞ്ഞൂറിന് മുകളിൽ സ്‌ത്രി തൊഴിലാളികൾ ഞങ്ങളുടെ ചെറിയ ഒരു ഗ്രാമത്തിൽ പോലും കയർ മേഖലയിൽ ഉണ്ടായിരുന്നു.സ്ത്രീകൾ കുടുംബം പോറ്റിയിരുന്ന നാളുകൾ....


പണ്ട് ഞങ്ങളുടെ ഗ്രാമത്തിന്റെ 
ജീവിത - സാമ്പത്തിക മേഖലകളെ സ്വാധീനിച്ചിരുന്നത് വയലുകളും കായലുമായിരുന്നു .
നെൽ കൃഷിയും കയറുമായിരുന്നു പ്രധാന തൊഴിൽ മേഖല. കയർ ജീവിതമായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്.


ഒരോ വാസസ്ഥലവും ഓരോ തൊഴിൽ കേന്ദ്രങ്ങളായിരുന്നു... 
വാടപുറങ്ങൾ ,കയർ പാക്കളങ്ങൾ ഉൾപ്പെടെ
 ഓരോ തൊഴിൽ കേന്ദ്രങ്ങളും
 കച്ചവട കേന്ദ്രങ്ങൾ കൂടിയായിരുന്നു. 


അപ്പം,  പുട്ട് , ചായ, ഇലയപ്പം,
അടക്കം വിൽക്കുന്ന ചായ കടകൾ, 
ജൗളി വ്യാപാരം, കൺമഷി, ചാന്ത്, വള, മാല കച്ചവടം, സെമിയ കച്ചവടം 
എല്ലാം ഈ തൊഴിൽ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു.

വഴക്ക്. അടി മാത്രമല്ല പ്രണയവും കല്യാണവും ഒക്കെ അവിടെ ഉണ്ടാവും

 ഞങ്ങൾക്കും ഒരു ചെറിയ കയർ ഉൽപാദനം ഉണ്ടായിരുന്നു.

ശിവൻ അണ്ണൻ
മുസ്താഫാക്ക
മൂപ്പുകാരി
ആയിഷാത്ത
ഹലീമാത്ത
ആയിശാത്ത
നസീമാത്ത
ആബിദാത്ത
അങ്ങനെ ഒരു പാട് പേരുകൾ ഓർമയിൽ വരികയാണ്...



മൂപ്പുകാരിയും ആയിഷാത്തായും രാവിലെ ഞങ്ങളുടെ  പാക്കാളത്തിൽ എത്തുമ്പോൾ
അവരുടെ തൂക്കുപാത്രത്തിൽ എനിക്കും കൊണ്ട് വരും പുട്ടും പപ്പടവും പയറുമൊക്കെ, അബിദാത്തയുടെ കൈപിടിച്ചാണ് ഏലായി ക്ഷേത്രത്തിലെ തൂക്കം കാണാൻ പോകുന്നത്.

കയർ പിരിച്ച് മന്നാക്കി കയർ ഖരീം കാക്കയുടെഡിപ്പോയിൽ എത്തിച്ച് തദ്ദേഹം അത് ആലപ്പുഴയിൽ എത്തിച്ച് വിൽപന നടത്തി ആഴ്ചയിൽ ഒരിക്കൽ കയറിന്റെ പൈസ തരുമ്പോൾ ജോലിക്കാർക്കുള്ള കൂലിക്ക് ശേഷമുള്ള പൈസ അത് വളരെ ചെറുതാണെങ്കിലും അത് ഒരു തൃപ്തിയായിരുന്നു...

കയർ മാത്രമല്ല കന്നുകാലി കൃഷിയും നെൽകൃഷി ഒക്കെ ഗ്രാമത്തെ ധന്യമാക്കിയിരുന്നു

മനുഷ്യന് കഴിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നതിനെക്കാൾ കന്നു കാലികൾക്കുള്ള തീറ്റകളായിരുന്നു അന്ന് കടകളിൽ വിറ്റിരുന്നത് ജഴ്സി പിണ്ണാക്ക് പരുത്തി പിണ്ണാക്ക്. മിച്ചർ അടക്കം കന്നുകാലി തീറ്റകളുടെ മൊത്ത കച്ചവടവും ചെറുകിട കച്ചവടവും ഒക്കെ കണിയാപുരത്തിന്റെ മുഖമുദ്രകളായിരുന്നു.

മരിച്ചീനിയെക്കാൾ ഉണക്ക മരിച്ചിനിക്കായിരുന്നു ഡിമാന്റ് .

ഫ്രിഡ്ജ് ആയിരുന്നില്ല ഉറിയായിരുന്നു, അലുമിനിയം പാത്രങ്ങൾ ആയിരുന്നില്ല മൺകലങ്ങൾ ആയിരുന്നു എവിടെയും.
 ഉച്ചക്ക് വെക്കുന്ന ഊണ്  മിച്ചം വന്നാൽ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയില്ല. ഉറിയിൽ വെച്ച് പഴകഞ്ഞിയായി അവർ കുടിച്ചിരുന്നു. അതായിരുന്നു അവരുടെ ജീവൻ ടോൺ......
ബറോട്ടയും മട്ടനുമല്ല, ഒറട്ടിയും പരിപ്പും അതായിരുന്നു ആഘോഷവേളകളിൽ പോലും ഇഷ്ടം.

 ഇന്ന് കാലം മാറി, കഥയും മാറി

ഗൃഹാ തുരത്വം ഓർമ്മപ്പെടുത്തി ചിലപ്പോൾ ഒക്കെ ആ കയർ കാലം കടന്നുവരും...

കാരണം ആ കയറിൽ ഞങളുടെ ജീവിതമായിരുന്നു, സ്വപ്നമായിരുന്നു
വർത്തമാനം മാത്രമല്ല ഭാവിയായിരുന്നു അത്. കണിയാപുരത്തുകാരന്റെ സ്വപ്നങ്ങൾക്ക് നിറ ചാർത്ത് നൽകിയ കയർ മേഖല..

അന്യംനിന്നു പോകുന്ന ഒരു തൊഴിൽ മേഖല... അത് ഒരു സംസ്ക്കാരം കൂടിയായിരുന്നു.. കയറിന്റെ ജീവിത സംസ്കൃതി........


ഷഹീർ ജി അഹമ്മദ്

#കണിയാപുരം_ഓർമ്മ.

No comments:

Post a Comment