ഒരു മിനി കഥ
😃💚🌹
- ചൂടാതെ പോയ പൂവ്-
ജസ്റ്റിഫറും സമീറും വ്യത്യസ്ത കോളേജുകളിലാണ് എങ്കിലും
തിരുവനന്തപുരത്തെ പ്രസംഗ മത്സര വേദികളിലെ സ്ഥിരം സാന്നിദ്ധ്യം
ഏതാണ്ട് പത്തിരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് അവർ പരിചയപ്പെട്ടത് ഒരു പ്രസംഗമത്സര വേദിയിൽ വച്ചായിരുന്നു.
ജസ്റ്റിഫറും സമീറും കുറച്ച് കാലം നല്ലൊരു സൗഹൃദത്തിൽ ആയിരുന്നു.
ഒരുനാൾ ഇരുവരുടെയും മനസ്സുകളിൽ പ്രണയം മൊട്ടിട്ടു.. ആര് ആരോട് ആദ്യം പറയണം എന്നതായിരുന്നു തർക്കം..
വ്യത്യസ്ത മതവിഭാഗക്കാർ മാത്രമെന്നതല്ല മതത്തിലെ യഥാസ്തിക കുടുംബക്കാരും ആയിരുന്നു.
ഒരു ദിവസം സമീറിനെ തേടി അവന്റെ വീട്ടിലെ ലാന്റ് ഫോണിൽ ജസ്റ്റിഫറുടെ
ഒരു വിളിയെത്തി "സമീർ നിന്നെ ഒന്ന് കാണണം.അത്യാവശ്യമാണ് "....
അവർ സാധാരണ കാണാറുള്ള മ്യൂസിയം വളപ്പിലെ മരച്ചുവടിൽ കാണാമെന്ന് പറഞ്ഞു.
അന്ന് അവൻ തീരുമാനമെടുത്തു
തന്റെ പ്രണയാഭ്യർത്ഥന ഇന്ന് നടത്തണം. മ്യൂസിയം ലക്ഷ്യമാക്കി അവൻ തന്റെ യമഹയിൽ യാത്ര തിരിച്ചു. അവന്റെ ഏറ്റവും പുതിയ കില്ലർ ജീൻസും നൈക്കിന്റെ ടീഷർട്ടും ഷൂവും ധരിച്ചാണ് യാത്ര. മ്യൂസിയത്തിന് അടുത്ത് എത്താറായപ്പോൾ അവന് തോന്നി... അവൾക്ക് പൂവുകൾ നൽകി സ്നേഹാഭ്യർത്ഥന നടത്താം.. അങ്ങനെ മസ്ക്കറ്റ് ഹോട്ടലിലെ ബിസിനസ് കോർണറിൽ നിന്നും പൂവുകൾ വാങ്ങി അവൻ മ്യൂസിയം വളപ്പിലേയ്ക്ക് പ്രവേശിച്ചു. അവൾ കാണാതെ പ പൂവുകൾ പിറകെ വച്ചാണ് അവളെ അവൻ കണ്ടത്..
സമീറിനെ കണ്ടതോടെ
ജസ്റ്റീഫർ പറഞ്ഞു..
"സോറിടാ... കാനഡയിൽ നിന്ന് പപ്പയുടെയും മമ്മിയുടെയും വിളിയെത്തി..വിസ റെഡിയായി..ഈ ആഴ്ച മദ്രാസിൽ നിന്നും തിരിക്കണം. കസീൻ വന്നിട്ടുണ്ട്. അവന്റെ കൂടെ കോതമംഗലത്ത് തറവാട്ടിൽ പോകും. അവിടെ നിന്നും മദ്രസ്സ്. അവിടെ നിന്നും കാനഡ,കസീൻ ബഹളം കൂട്ടുന്നു.. ഞാൻ തറവാട്ടിൽ എത്തിയിട്ട് വിളിക്കാം ,".
പെട്ടെന്ന് ജസ്‌റ്റിഫർ കൈ വിശി പോയി മറഞ്ഞു.മറുപടി ഒന്നും പറയാതെ ഒരു നിമിഷം പകച്ചു നിന്നുപോയ സമീർ താൻ കൊണ്ടുവന്ന പൂവുകൾ മരച്ചുവട്ടിലേക്ക് തന്നെ വലിച്ച് എറിഞ്ഞു.
കോതമംഗലത്ത് നിന്നും വിളി വന്നില്ല. കാനഡയിൽ നിന്നും...
അവൻ പതുക്കെ പതുക്കെ എല്ലാം മറന്നു.
പത്തിരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു.
കഴിഞ്ഞ ദിവസം സമീറിന്റെ FB മേസഞ്ചറിൽ ഒരു സന്ദേശം.
ജസ്റ്റിഫറിന്റെ ക്ലാസ് മേറ്റ് ഡോ: റീനയാണ് സന്ദേശം അയച്ചിരിക്കുന്നത്.
"നമ്മുടെ ജസ്‌റ്റിഫറും ഹസും കുട്ടികളും സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനം കാനഡയിൽ വെച്ച് അപകടത്തിൽപ്പെട്ടു. എല്ലാവരും മരണപ്പെട്ടു."
കൂടെ മലയാളി കുടുംബത്തിന് ദാരുണാന്ത്യം എന്ന പത്രവാർത്തയുടെ സ്ക്രീൻ ഷോട്ടും.
"ഇന്ന് തിരുവനന്തപുരത്തെ ഒരു ചർച്ചിൽ പ്രാർത്ഥനയുണ്ട് പങ്കെടുക്കണം. "
സമീറിന്റെ മനസ്സിൽ ഫ്ലാഷ് ബാക്ക് മിന്നിമറഞ്ഞു..
ഞായറാഴ്ചയുടെ അവധി സയാഹ്നം അവൾക്കായിട്ടുള്ള പ്രാർത്ഥനയ്ക്കായി ചെലവിടാൻ സമീർ തീരുമാനിച്ചു.
PMJ കഴിഞ്ഞതും മസ്ക്കറ്റ് ഹോട്ടലിന് മുന്നിൽ ബൈക്ക് നിർത്തി. ഫ്ലവർ വിൽക്കുന്ന പഴയ ഇടം. വലിയ മാറ്റമില്ല. കുറച്ച് പൂക്കൾ വാങ്ങി ചർച്ചിലേക്ക് നീങ്ങി.
അവളുടെ സുഹൃത്തുക്കളും ക്ലാസ് മേറ്റ്സും ഉണ്ട്.
ചർച്ചിന്റെ ഒരു സൈഡിൽ അവളുടെ ചിത്രവും കൂട്ടുകാർ വെച്ചിട്ടുണ്ട്.
അവളുടെ ചിത്രത്തിന് മുന്നിൽ സമീർ ആ പൂവുകൾ സമർപ്പിച്ചു....
ചുള്ളിക്കാടിന്റെ കവിത ശകലകൾ അപ്പോൾ എവിടെയോ സമീർ കേട്ടു
- "ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ "
( കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം )
- ഷഹീർ ജി അഹമ്മദ്
കഥകൾ
No comments:
Post a Comment