Thursday, 16 January 2025

കണിയാപുരം ഓർമ്മ

കണിയാപുരം പള്ളിയുടെ മിനാരങ്ങളിൽ നിന്നും സുബഹിയുടെ ബാങ്കൊലി മുഴങ്ങുന്നതോടപ്പം
അന്ന് ഞങ്ങളുടെ ഗ്രാമവും സജീവമാകുമായിരുന്നു.


 ഖരീം മാമയുടെ ചായകടയിലെ മിന്നുന്ന വെളിച്ചവും മുത്തലിബ് അപ്പുപ്പായുടെ ചായകടയിൽ നിന്നും ഉയരുന്ന നാഗൂർ ഹനീഫയുടെ ബൈത്തും ഇസ്മായിൽ അപ്പുപ്പായുടെ ചായ കടയിൽ നിന്നും ഉയരുന്ന പയർ പുട്ട് പപ്പടത്തിന്റെ മണവും പ്രഭാതങ്ങളെ ധന്യമാക്കും. എന്തിനാണ് ഒരു ചെറിയ ഗ്രാമത്തിൽ ഇത്രമാത്രം ചായകടകൾ?
അന്ന് ആലോചിച്ചിരുന്നു. രാവിലെ നാലുമണിയോടെ കയർപിരിക്കാനും തൊണ്ട് തല്ലാനും ചിറയ്ക്കൽ, കൽപന, അണക്കപ്പിള്ള, ചാന്നാങ്കര, കരിച്ചാറ മേനംകുളം അടക്കം പ്രദേശങ്ങളിൽ നിന്നും വാടപ്പുറം ലക്ഷ്യമാക്കി വരുന്ന നൂറുകണകിന് കയർ തൊഴിലാളികളുടെ പ്രഭാത ഭക്ഷണ കച്ചവടത്തിന് വേണ്ടിയാണ് ചായ കടകൾ നേരത്തെ തുറന്നു വയ്ക്കുന്നത് !


അഞ്ഞൂറിന് മുകളിൽ സ്‌ത്രി തൊഴിലാളികൾ ഞങ്ങളുടെ ചെറിയ ഒരു ഗ്രാമത്തിൽ പോലും കയർ മേഖലയിൽ ഉണ്ടായിരുന്നു.സ്ത്രീകൾ കുടുംബം പോറ്റിയിരുന്ന നാളുകൾ....


പണ്ട് ഞങ്ങളുടെ ഗ്രാമത്തിന്റെ 
ജീവിത - സാമ്പത്തിക മേഖലകളെ സ്വാധീനിച്ചിരുന്നത് വയലുകളും കായലുമായിരുന്നു .
നെൽ കൃഷിയും കയറുമായിരുന്നു പ്രധാന തൊഴിൽ മേഖല. കയർ ജീവിതമായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്.


ഒരോ വാസസ്ഥലവും ഓരോ തൊഴിൽ കേന്ദ്രങ്ങളായിരുന്നു... 
വാടപുറങ്ങൾ ,കയർ പാക്കളങ്ങൾ ഉൾപ്പെടെ
 ഓരോ തൊഴിൽ കേന്ദ്രങ്ങളും
 കച്ചവട കേന്ദ്രങ്ങൾ കൂടിയായിരുന്നു. 


അപ്പം,  പുട്ട് , ചായ, ഇലയപ്പം,
അടക്കം വിൽക്കുന്ന ചായ കടകൾ, 
ജൗളി വ്യാപാരം, കൺമഷി, ചാന്ത്, വള, മാല കച്ചവടം, സെമിയ കച്ചവടം 
എല്ലാം ഈ തൊഴിൽ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു.

വഴക്ക്. അടി മാത്രമല്ല പ്രണയവും കല്യാണവും ഒക്കെ അവിടെ ഉണ്ടാവും

 ഞങ്ങൾക്കും ഒരു ചെറിയ കയർ ഉൽപാദനം ഉണ്ടായിരുന്നു.

ശിവൻ അണ്ണൻ
മുസ്താഫാക്ക
മൂപ്പുകാരി
ആയിഷാത്ത
ഹലീമാത്ത
ആയിശാത്ത
നസീമാത്ത
ആബിദാത്ത
അങ്ങനെ ഒരു പാട് പേരുകൾ ഓർമയിൽ വരികയാണ്...



മൂപ്പുകാരിയും ആയിഷാത്തായും രാവിലെ ഞങ്ങളുടെ  പാക്കാളത്തിൽ എത്തുമ്പോൾ
അവരുടെ തൂക്കുപാത്രത്തിൽ എനിക്കും കൊണ്ട് വരും പുട്ടും പപ്പടവും പയറുമൊക്കെ, അബിദാത്തയുടെ കൈപിടിച്ചാണ് ഏലായി ക്ഷേത്രത്തിലെ തൂക്കം കാണാൻ പോകുന്നത്.

കയർ പിരിച്ച് മന്നാക്കി കയർ ഖരീം കാക്കയുടെഡിപ്പോയിൽ എത്തിച്ച് തദ്ദേഹം അത് ആലപ്പുഴയിൽ എത്തിച്ച് വിൽപന നടത്തി ആഴ്ചയിൽ ഒരിക്കൽ കയറിന്റെ പൈസ തരുമ്പോൾ ജോലിക്കാർക്കുള്ള കൂലിക്ക് ശേഷമുള്ള പൈസ അത് വളരെ ചെറുതാണെങ്കിലും അത് ഒരു തൃപ്തിയായിരുന്നു...

കയർ മാത്രമല്ല കന്നുകാലി കൃഷിയും നെൽകൃഷി ഒക്കെ ഗ്രാമത്തെ ധന്യമാക്കിയിരുന്നു

മനുഷ്യന് കഴിക്കേണ്ട ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നതിനെക്കാൾ കന്നു കാലികൾക്കുള്ള തീറ്റകളായിരുന്നു അന്ന് കടകളിൽ വിറ്റിരുന്നത് ജഴ്സി പിണ്ണാക്ക് പരുത്തി പിണ്ണാക്ക്. മിച്ചർ അടക്കം കന്നുകാലി തീറ്റകളുടെ മൊത്ത കച്ചവടവും ചെറുകിട കച്ചവടവും ഒക്കെ കണിയാപുരത്തിന്റെ മുഖമുദ്രകളായിരുന്നു.

മരിച്ചീനിയെക്കാൾ ഉണക്ക മരിച്ചിനിക്കായിരുന്നു ഡിമാന്റ് .

ഫ്രിഡ്ജ് ആയിരുന്നില്ല ഉറിയായിരുന്നു, അലുമിനിയം പാത്രങ്ങൾ ആയിരുന്നില്ല മൺകലങ്ങൾ ആയിരുന്നു എവിടെയും.
 ഉച്ചക്ക് വെക്കുന്ന ഊണ്  മിച്ചം വന്നാൽ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയില്ല. ഉറിയിൽ വെച്ച് പഴകഞ്ഞിയായി അവർ കുടിച്ചിരുന്നു. അതായിരുന്നു അവരുടെ ജീവൻ ടോൺ......
ബറോട്ടയും മട്ടനുമല്ല, ഒറട്ടിയും പരിപ്പും അതായിരുന്നു ആഘോഷവേളകളിൽ പോലും ഇഷ്ടം.

 ഇന്ന് കാലം മാറി, കഥയും മാറി

ഗൃഹാ തുരത്വം ഓർമ്മപ്പെടുത്തി ചിലപ്പോൾ ഒക്കെ ആ കയർ കാലം കടന്നുവരും...

കാരണം ആ കയറിൽ ഞങളുടെ ജീവിതമായിരുന്നു, സ്വപ്നമായിരുന്നു
വർത്തമാനം മാത്രമല്ല ഭാവിയായിരുന്നു അത്. കണിയാപുരത്തുകാരന്റെ സ്വപ്നങ്ങൾക്ക് നിറ ചാർത്ത് നൽകിയ കയർ മേഖല..

അന്യംനിന്നു പോകുന്ന ഒരു തൊഴിൽ മേഖല... അത് ഒരു സംസ്ക്കാരം കൂടിയായിരുന്നു.. കയറിന്റെ ജീവിത സംസ്കൃതി........


ഷഹീർ ജി അഹമ്മദ്

#കണിയാപുരം_ഓർമ്മ.

Wednesday, 1 January 2025

ചൂടാതെ പോയ പൂവ്

ഒരു മിനി കഥ
😃💚🌹

- ചൂടാതെ പോയ പൂവ്-


ജസ്റ്റിഫറും സമീറും വ്യത്യസ്ത കോളേജുകളിലാണ് എങ്കിലും 
തിരുവനന്തപുരത്തെ പ്രസംഗ മത്സര വേദികളിലെ സ്ഥിരം സാന്നിദ്ധ്യം

ഏതാണ്ട് പത്തിരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് അവർ  പരിചയപ്പെട്ടത് ഒരു പ്രസംഗമത്സര വേദിയിൽ വച്ചായിരുന്നു.

 ജസ്റ്റിഫറും സമീറും കുറച്ച് കാലം നല്ലൊരു സൗഹൃദത്തിൽ ആയിരുന്നു. 


ഒരുനാൾ ഇരുവരുടെയും മനസ്സുകളിൽ പ്രണയം മൊട്ടിട്ടു.. ആര് ആരോട് ആദ്യം പറയണം എന്നതായിരുന്നു തർക്കം..
വ്യത്യസ്ത മതവിഭാഗക്കാർ മാത്രമെന്നതല്ല മതത്തിലെ യഥാസ്തിക കുടുംബക്കാരും ആയിരുന്നു. 


ഒരു ദിവസം സമീറിനെ  തേടി അവന്റെ വീട്ടിലെ ലാന്റ് ഫോണിൽ ജസ്റ്റിഫറുടെ 
 ഒരു വിളിയെത്തി "സമീർ  നിന്നെ ഒന്ന് കാണണം.അത്യാവശ്യമാണ് "....

അവർ സാധാരണ കാണാറുള്ള മ്യൂസിയം വളപ്പിലെ മരച്ചുവടിൽ കാണാമെന്ന് പറഞ്ഞു.

 അന്ന് അവൻ തീരുമാനമെടുത്തു
തന്റെ പ്രണയാഭ്യർത്ഥന ഇന്ന്  നടത്തണം. മ്യൂസിയം ലക്ഷ്യമാക്കി അവൻ തന്റെ യമഹയിൽ യാത്ര തിരിച്ചു. അവന്റെ ഏറ്റവും പുതിയ കില്ലർ ജീൻസും നൈക്കിന്റെ ടീഷർട്ടും ഷൂവും ധരിച്ചാണ് യാത്ര. മ്യൂസിയത്തിന് അടുത്ത് എത്താറായപ്പോൾ അവന് തോന്നി... അവൾക്ക് പൂവുകൾ നൽകി സ്നേഹാഭ്യർത്ഥന നടത്താം.. അങ്ങനെ മസ്ക്കറ്റ് ഹോട്ടലിലെ ബിസിനസ് കോർണറിൽ നിന്നും പൂവുകൾ  വാങ്ങി അവൻ മ്യൂസിയം വളപ്പിലേയ്ക്ക് പ്രവേശിച്ചു. അവൾ കാണാതെ പ പൂവുകൾ  പിറകെ വച്ചാണ് അവളെ അവൻ കണ്ടത്.. 

സമീറിനെ കണ്ടതോടെ 
ജസ്റ്റീഫർ പറഞ്ഞു..
"സോറിടാ... കാനഡയിൽ നിന്ന്  പപ്പയുടെയും മമ്മിയുടെയും വിളിയെത്തി..വിസ റെഡിയായി..ഈ ആഴ്ച മദ്രാസിൽ നിന്നും തിരിക്കണം. കസീൻ വന്നിട്ടുണ്ട്. അവന്റെ കൂടെ  കോതമംഗലത്ത് തറവാട്ടിൽ പോകും. അവിടെ നിന്നും മദ്രസ്സ്. അവിടെ നിന്നും കാനഡ,കസീൻ ബഹളം കൂട്ടുന്നു.. ഞാൻ തറവാട്ടിൽ എത്തിയിട്ട് വിളിക്കാം ,".

 പെട്ടെന്ന് ജസ്‌റ്റിഫർ കൈ വിശി പോയി മറഞ്ഞു.മറുപടി ഒന്നും പറയാതെ ഒരു നിമിഷം പകച്ചു നിന്നുപോയ സമീർ താൻ കൊണ്ടുവന്ന പൂവുകൾ  മരച്ചുവട്ടിലേക്ക് തന്നെ വലിച്ച് എറിഞ്ഞു. 

കോതമംഗലത്ത് നിന്നും വിളി വന്നില്ല. കാനഡയിൽ നിന്നും... 

അവൻ പതുക്കെ പതുക്കെ എല്ലാം മറന്നു.

 പത്തിരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു.

 കഴിഞ്ഞ ദിവസം  സമീറിന്റെ FB മേസഞ്ചറിൽ ഒരു സന്ദേശം. 

ജസ്റ്റിഫറിന്റെ ക്ലാസ് മേറ്റ് ഡോ: റീനയാണ്  സന്ദേശം അയച്ചിരിക്കുന്നത്. 

"നമ്മുടെ ജസ്‌റ്റിഫറും ഹസും കുട്ടികളും സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനം കാനഡയിൽ വെച്ച് അപകടത്തിൽപ്പെട്ടു. എല്ലാവരും മരണപ്പെട്ടു."

കൂടെ മലയാളി കുടുംബത്തിന് ദാരുണാന്ത്യം എന്ന പത്രവാർത്തയുടെ സ്ക്രീൻ ഷോട്ടും.

 "ഇന്ന് തിരുവനന്തപുരത്തെ ഒരു ചർച്ചിൽ പ്രാർത്ഥനയുണ്ട് പങ്കെടുക്കണം. "


  സമീറിന്റെ മനസ്സിൽ ഫ്ലാഷ് ബാക്ക് മിന്നിമറഞ്ഞു.. 

ഞായറാഴ്ചയുടെ  അവധി സയാഹ്നം അവൾക്കായിട്ടുള്ള പ്രാർത്ഥനയ്ക്കായി ചെലവിടാൻ സമീർ തീരുമാനിച്ചു.

 PMJ കഴിഞ്ഞതും  മസ്ക്കറ്റ് ഹോട്ടലിന് മുന്നിൽ ബൈക്ക് നിർത്തി. ഫ്ലവർ വിൽക്കുന്ന പഴയ ഇടം. വലിയ മാറ്റമില്ല. കുറച്ച് പൂക്കൾ വാങ്ങി ചർച്ചിലേക്ക് നീങ്ങി.

 അവളുടെ സുഹൃത്തുക്കളും ക്ലാസ് മേറ്റ്സും ഉണ്ട്. 

ചർച്ചിന്റെ ഒരു സൈഡിൽ അവളുടെ ചിത്രവും കൂട്ടുകാർ വെച്ചിട്ടുണ്ട്. 
അവളുടെ ചിത്രത്തിന് മുന്നിൽ സമീർ ആ പൂവുകൾ സമർപ്പിച്ചു....
ചുള്ളിക്കാടിന്റെ കവിത ശകലകൾ അപ്പോൾ എവിടെയോ സമീർ കേട്ടു

- "ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ "


( കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം )

- ഷഹീർ ജി അഹമ്മദ്

കഥകൾ

Tuesday, 31 December 2024

ഉമ്മുമ്മമാർ

 ഉമ്മുമ്മ


ഓർമ്മയിലെ ചില ഉമ്മുമ്മമാരെ കുറിച്ച്  ഒന്ന് എഴുതാമെന്ന് വിചാരിച്ചു





സൈനബ ഉമ്മുമ്മ: 

ഐഷ ഉമ്മുമ്മ.

നെക്കുമ്മുമ്മ 

ആശാ ഉമ്മുമ്മ

സഫിയ ഉമ്മുമ്മ

നഫീസാത്ത

ഉള്ളി ഉമ്മുമ്മ

ബീവി കുഞ്ഞ് താത്ത


ഓർമ്മയിൽ ഒരു പാട് പേരുണ്ട്,
വീട്ടിലും വാപ്പുമ്മയുടെ വീട്ടിലുമായി ഞങ്ങൾക്ക് സ്നേഹം തന്നവർ, ഈ ലിസ്റ്റിൽ അധികവും വാപ്പുമ്മയുടെ ബന്ധുക്കൾ, സഹോദരങ്ങൾ ആണ്.



(മുകളിലെ ചിത്രത്തിലുള്ളത് എന്റെ വാപ്പുമ്മ മറിയംബീവി, 
വെട്ടി മുറിച്ചിടം )

ഇവരുടെ മടിയിൽ കിടന്നാണ് ഞങ്ങൾ വളർന്നത്.ജിന്നിൻ്റെയും ഇഫ് രിയത്തിൻ്റെയും മാടൻ്റെയും മറുതയുടെയും കഥകൾ കേട്ട്.... അവരുടെ മടിയിൽ കിടന്ന് പേടിച്ച എത്ര എത്ര നോമ്പുകാല രാവുകൾ.  



സത്യത്തിൽ കടവിലെ വാപ്പുമ്മയുടെ വീട് രാവിലെ മുതൽ വൈകുന്നേരം വരെ സജീവമായിരുന്നു. വാപ്പുമ്മയും കൊച്ചാപ്പായും കൊച്ചുമ്മായും മാത്രമുള്ള  വീട്ടിൽ പക്ഷെ ഉച്ചയ്ക്ക് ഊണ് തയ്യാറാക്കുന്നത് 100 ന് മുകളിലുള്ളവർക്കാണ്, എല്ലാവർക്കും ഭക്ഷണം വിളമ്പി വിട്ടുകാരികളായി ഉമ്മുമ്മമാരും താത്തമാരും.  വീടുകളിൽ വരുന്നതിനും ബന്ധുത്വം നിലനിർത്തുന്നതിലും ആരോടും വെറുപ്പില്ലാത്ത കാലം, വന്നതിൽ അല്ല വരാത്തതിലാണ് പരിഭവം പറയുന്നത്.





കാതില്‍ നിറയെ അലിക്കത്തിട്ട്,
തലയില്‍ തട്ടമിട്ട് കുപ്പായമണിഞ്ഞ ഉമ്മുമ്മമാർ കുടുംബത്തിൻ്റെ വിളക്കായിരുന്നു,
വെറ്റിലയും പാക്കും ചുണ്ണാമ്പും ഒക്കെ കൂടെ കൊണ്ടു നടക്കുന്ന ആ ഉമ്മുമ്മമാരുടെ  കൈകളിൽ നിന്നും ചക്ക ഇറുത്തിട്ട് തരുമ്പോൾ ചക്ക പഴത്തിൻ്റെ രുചി ഇരട്ടിയാവും. ഒറട്ടിയും പരിപ്പും.അവരുടെ പരിപ്പ് കറിക്ക് ഒരു പ്രത്യേക രുചിയാണ് വെള്ള കറി, ചമ്മന്തി, കായ് തോരൻ, നെന്തോലി കരിവാട് പൊരിച്ചത് രുചി മേളങ്ങൾ എത്രമാത്രം, നോമ്പിന് കഞ്ഞിയും പയറും മഞ്ഞയിട്ട്  കിഴങ്ങ് അവിച്ച്, അതിൽ മീൻ കറിയും ഒഴിച്ച് മുന്നിൽ വയ്ക്കുമ്പോൾ അനുഭവിച്ച ആനന്ദം,
എത്ര എത്ര  ഓര്‍മ്മകളാണ്
ചൂടുള്ള   ഉമ്മകളായി മുന്നിൽ വരുന്നത് ...



ഞങ്ങൾക്ക് പനി വരുമ്പോൾ കരുണാകര വൈദ്യരെ കാണുന്നതിന് മുമ്പ് തന്നെ അവർ  മന്ത്രിച്ച് ഊതി തലയിൽ ശിഫ എന്ന് പറയുമ്പോൾ ഈ ഞങ്ങളുടെ പനിയെല്ലാം ഓടി ഒളിച്ചിരുന്നു.



സന്ധ്യകളിൽ തറവാടും വീടും സജീവമായിരുന്നു ഖുർആൻ ,മൻ ഖൂസ് മൗലൂദ്, ബദർപാട്ട് ഇപ്പോഴും അതൊരു സംഗീതമായി കാതുകളിൽ ഉണ്ട്,  



ഇന്ന് ഉമ്മുമ്മമാരെ പോയിട്ട് താത്തമാരെ പോലും കിട്ടാനില്ല, എല്ലാവരും അവരിലേക്ക് ഒതുങ്ങി,,,,,, ബന്ധുത്വത്തെക്കാൾ വില സൗഹൃദങ്ങൾക്ക് നൽകി, പക്ഷെ നമ്മുടെ ദു:ഖത്തിൽ കരയാൻ, വേദനിക്കാൻ, ആശ്വസിപ്പിക്കാൻ അവർ മാത്രമെ ഉണ്ടാവു, മൺമറഞ്ഞ ഉമ്മുമ്മമാർക്ക് അല്ലാഹു സ്വർഗ്ഗം നൽകട്ടെ, നമ്മുടെ സലാമിനെ അവരിലേക്ക് എത്തിക്കട്ടെ

Shaheerji Ahamed