ഉമ്മുമ്മ
ഓർമ്മയിലെ ചില ഉമ്മുമ്മമാരെ കുറിച്ച് ഒന്ന് എഴുതാമെന്ന് വിചാരിച്ചു
സൈനബ ഉമ്മുമ്മ:
ഐഷ ഉമ്മുമ്മ.
നെക്കുമ്മുമ്മ
ആശാ ഉമ്മുമ്മ
സഫിയ ഉമ്മുമ്മ
നഫീസാത്ത
ഉള്ളി ഉമ്മുമ്മ
ബീവി കുഞ്ഞ് താത്ത
ഓർമ്മയിൽ ഒരു പാട് പേരുണ്ട്,
വീട്ടിലും വാപ്പുമ്മയുടെ വീട്ടിലുമായി ഞങ്ങൾക്ക് സ്നേഹം തന്നവർ, ഈ ലിസ്റ്റിൽ അധികവും വാപ്പുമ്മയുടെ ബന്ധുക്കൾ, സഹോദരങ്ങൾ ആണ്.
(മുകളിലെ ചിത്രത്തിലുള്ളത് എന്റെ വാപ്പുമ്മ മറിയംബീവി,
വെട്ടി മുറിച്ചിടം )
ഇവരുടെ മടിയിൽ കിടന്നാണ് ഞങ്ങൾ വളർന്നത്.ജിന്നിൻ്റെയും ഇഫ് രിയത്തിൻ്റെയും മാടൻ്റെയും മറുതയുടെയും കഥകൾ കേട്ട്.... അവരുടെ മടിയിൽ കിടന്ന് പേടിച്ച എത്ര എത്ര നോമ്പുകാല രാവുകൾ.
സത്യത്തിൽ കടവിലെ വാപ്പുമ്മയുടെ വീട് രാവിലെ മുതൽ വൈകുന്നേരം വരെ സജീവമായിരുന്നു. വാപ്പുമ്മയും കൊച്ചാപ്പായും കൊച്ചുമ്മായും മാത്രമുള്ള വീട്ടിൽ പക്ഷെ ഉച്ചയ്ക്ക് ഊണ് തയ്യാറാക്കുന്നത് 100 ന് മുകളിലുള്ളവർക്കാണ്, എല്ലാവർക്കും ഭക്ഷണം വിളമ്പി വിട്ടുകാരികളായി ഉമ്മുമ്മമാരും താത്തമാരും. വീടുകളിൽ വരുന്നതിനും ബന്ധുത്വം നിലനിർത്തുന്നതിലും ആരോടും വെറുപ്പില്ലാത്ത കാലം, വന്നതിൽ അല്ല വരാത്തതിലാണ് പരിഭവം പറയുന്നത്.
കാതില്‍ നിറയെ അലിക്കത്തിട്ട്,
തലയില്‍ തട്ടമിട്ട് കുപ്പായമണിഞ്ഞ ഉമ്മുമ്മമാർ കുടുംബത്തിൻ്റെ വിളക്കായിരുന്നു,
വെറ്റിലയും പാക്കും ചുണ്ണാമ്പും ഒക്കെ കൂടെ കൊണ്ടു നടക്കുന്ന ആ ഉമ്മുമ്മമാരുടെ കൈകളിൽ നിന്നും ചക്ക ഇറുത്തിട്ട് തരുമ്പോൾ ചക്ക പഴത്തിൻ്റെ രുചി ഇരട്ടിയാവും. ഒറട്ടിയും പരിപ്പും.അവരുടെ പരിപ്പ് കറിക്ക് ഒരു പ്രത്യേക രുചിയാണ് വെള്ള കറി, ചമ്മന്തി, കായ് തോരൻ, നെന്തോലി കരിവാട് പൊരിച്ചത് രുചി മേളങ്ങൾ എത്രമാത്രം, നോമ്പിന് കഞ്ഞിയും പയറും മഞ്ഞയിട്ട് കിഴങ്ങ് അവിച്ച്, അതിൽ മീൻ കറിയും ഒഴിച്ച് മുന്നിൽ വയ്ക്കുമ്പോൾ അനുഭവിച്ച ആനന്ദം,
എത്ര എത്ര ഓര്‍മ്മകളാണ്
ചൂടുള്ള ഉമ്മകളായി മുന്നിൽ വരുന്നത് ...
ഞങ്ങൾക്ക് പനി വരുമ്പോൾ കരുണാകര വൈദ്യരെ കാണുന്നതിന് മുമ്പ് തന്നെ അവർ മന്ത്രിച്ച് ഊതി തലയിൽ ശിഫ എന്ന് പറയുമ്പോൾ ഈ ഞങ്ങളുടെ പനിയെല്ലാം ഓടി ഒളിച്ചിരുന്നു.
സന്ധ്യകളിൽ തറവാടും വീടും സജീവമായിരുന്നു ഖുർആൻ ,മൻ ഖൂസ് മൗലൂദ്, ബദർപാട്ട് ഇപ്പോഴും അതൊരു സംഗീതമായി കാതുകളിൽ ഉണ്ട്,
ഇന്ന് ഉമ്മുമ്മമാരെ പോയിട്ട് താത്തമാരെ പോലും കിട്ടാനില്ല, എല്ലാവരും അവരിലേക്ക് ഒതുങ്ങി,,,,,, ബന്ധുത്വത്തെക്കാൾ വില സൗഹൃദങ്ങൾക്ക് നൽകി, പക്ഷെ നമ്മുടെ ദു:ഖത്തിൽ കരയാൻ, വേദനിക്കാൻ, ആശ്വസിപ്പിക്കാൻ അവർ മാത്രമെ ഉണ്ടാവു, മൺമറഞ്ഞ ഉമ്മുമ്മമാർക്ക് അല്ലാഹു സ്വർഗ്ഗം നൽകട്ടെ, നമ്മുടെ സലാമിനെ അവരിലേക്ക് എത്തിക്കട്ടെ
Shaheerji Ahamed